Kerala
കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്ന ആരോപണം നേരിട്ട 'കേരള സ്റ്റോറി 2' എന്ന സിനിമയ്ക്ക് കേരളത്തിലെ തിയേറ്ററുകളിൽ കാഴ്ചക്കാരില്ല. പ്രദർശനാനുമതി ലഭിച്ചിട്ടും പല തിയേറ്ററുകളിലും സിനിമ കാണാൻ ആളുകൾ എത്തുന്നില്ല. സിനിമ പ്രദർശിപ്പിക്കുന്ന പല തിയേറ്ററുകളിലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് എത്തുന്നത്. ചിലേടങ്ങളിൽ മിനിമം ആളുകൾ ഇല്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
കേരളത്തിനെതിരെയും ഒരു പ്രത്യേക വിഭാഗത്തിനെതിരെയും വിദ്വേഷം പടർത്തുന്ന രീതിയിലുള്ള 'പ്രൊപ്പഗാണ്ട' സിനിമയാണിതെന്ന വ്യാപകമായ വിമർശനം കേരളത്തിൽ ഉയർന്നിരുന്നു. ഇതു മലയാളികളെ സ്വാധീനിച്ചതാകാം സിനിമയോടുള്ള തണുപ്പൻ സമീപനത്തിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സിനിമയുടെ ആദ്യ ഭാഗത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും സമാനമായ രീതിയിൽത്തന്നെ കേരളത്തിലെ പൊതുസമൂഹം സിനിമയെ അവഗണിക്കുന്നുവെന്ന സൂചനയാണ് പ്രാഥമികമായി വരുന്നത്. 'കേരള മോഡൽ' ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങൾ മലയാളികൾ തിരിച്ചറിയുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അതേസമയം, കോടതി വ്യവഹാരങ്ങളിൽ കുടുങ്ങി അവസാന നിമിഷം റിലീസ് ചെയ്തതുകൊണ്ടാകാം കാണികൾ വിട്ടുനിൽക്കുന്നതെന്നും വരും ദിവസങ്ങളിൽ കാഴ്ചക്കാരെ കിട്ടുമെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വൃത്തങ്ങൾ അവകാശപ്പെടുന്നത്.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളി കൂട്ടായ്മകളിലെ നിറസാന്നിധ്യവും തൊണ്ണൂറുകളുടെ ആരംഭത്തിൽ അമേരിക്കയിൽ മലയാള ചലച്ചിത്ര താരങ്ങളെ അണിനിരത്തി സ്റ്റാർനൈറ്റുകളും മെഗാഷോകളും വിജയകരമായി സംഘടിപ്പിച്ചും അമേരിക്കയിൽ തിയറ്ററുകളിൽ മലയാള സിനിമയുടെ പ്രദർശനത്തിന്റെ അമരക്കാരനായും പ്രവർത്തിച്ച ജീമോൻ ജോർജ് സിനിമാ രംഗത്തേക്ക് തിരികെയെത്തുന്നു.
ജീ സിനിമാസ് എന്ന നിർമാണ കമ്പനിയുമായി ചലച്ചിത്ര മേഖലയിലേക്ക് ജീമോൻ ജോർജ് എന്ന നിർമാതാവ് എത്തുമ്പോൾ ഒരു തുടക്കക്കാരനായി കാണേണ്ടതില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് "ശുക്രൻ' എന്ന റൊമാന്റിക് കോമഡി ത്രില്ലർ സിനിമ.
റിലീസിന് തയാറെടുത്തിരിക്കുന്ന ശുക്രനിൽ യുവ താരങ്ങളായ ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്ദുനാഥ് എന്നിവർ നായകന്മാർ ആവുന്നു. ഒപ്പം മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു. മലയാള സിനിമാ ലോകത്ത് ശുക്രന്റെ പബ്ലിസിറ്റി ഇപ്പോൾ തന്നെ ചർച്ചയായിരിക്കുകയാണ്.
ഡിസംബർ 13 ന് നടന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർക്കൊക്കെ ശുക്രൻ ഉദിക്കും എന്ന ക്യാപ്ഷനോടുകൂടി കേരളത്തിലെ 14 ജില്ലകളിൽ കഴിഞ്ഞ ഡിസംബർ ഏഴ് മുതൽ ശുക്രൻ സിനിമയുടെ ക്യാമ്പയിന് തുടക്കം കുറിച്ചു.
ഇത് പല പ്രമുഖ വാർത്താ ചാനലുകളിലടക്കം വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉടൻ തീയേറ്ററുകളിൽ എത്തുന്ന ശുക്രന്റെ റിലീസിന്റെ തിരക്കിലാണ് നിർമാതാവ് ജീമോൻ ജോർജും മറ്റ് അണിയറ പ്രവർത്തകരും.
വൻ താരനിരയുള്ള ജീ സിനിമാസിന്റെ പുതിയ പ്രോജക്ടിന്റെ ചർച്ചകളും പുരോഗമിക്കുന്നു. ശുക്രന്റെ റിലീസിനോടൊപ്പം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഉടൻ തന്നെ ഉണ്ടാവും. ജീമോൻ ജോർജ് എന്ന ജീ സിനിമാസിന്റെ അമരക്കാരനോടൊപ്പം ഒരു മികച്ച ടീമും ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നു.
Kerala
പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും നടൻ ശ്രീനിവാസൻ പറഞ്ഞതിങ്ങനെ...
ഞാനും വിമലയും വിവാഹത്തിനുമുമ്പേ പരിചയക്കാരായിരുന്നു. പ്രണയം എന്നു വിശേഷിപ്പിക്കാൻ മാത്രമുള്ള ഒരടുപ്പമായിരുന്നു അതെന്നു പറയാൻ കഴിയില്ല. പ്രണയമെന്നും വേണമെങ്കിൽ വിളിക്കാം. പ്രതീക്ഷകളൊന്നുമില്ലാത്ത, നാളെയെങ്ങനെയാകുമെന്നു മുൻധാരണയില്ലാത്ത അന്നത്തെ ജീവിതത്തിൽ കല്യാണത്തെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു.
അച്ഛന്റെ കേസുകൾ വീടു പോലും നഷ്ടപ്പെടുത്തി. കൂത്തുപറന്പിൽ വാടകവീട്ടിലായിരുന്നു താമസം. ഞങ്ങളുടെ നാട്ടിൽ വാടകയ്ക്കു താമസിക്കുക എന്നതു ഒരു കുറവു തന്നെയാണ്. അത്തരം നിരവധി കുറവുകൾക്കുള്ളിൽ നിൽക്കുന്പോഴാണ് വിമല എന്നെ മാത്രം മതിയെന്നു പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുന്നത്.
വീട്ടുകാർ കൊണ്ടുവരുന്ന ആലോചനകളെല്ലാം മുടക്കി വിമല എനിക്കായി കാത്തിരിക്കുകയാണെന്നു മനസിലാക്കിയപ്പോൾ ഞാനവൾക്ക് ജനുവരി 12നു നമ്മുടെ വിവാഹമാണു തയാറായിരിക്കണം എന്നു പറഞ്ഞൊരു കത്തയച്ചു.
രജിസ്റ്റർ കല്യാണം
കല്ല്യാണം രജിസ്ട്രാഫീസിൽ വച്ചു നടത്താനാണ് പ്ലാനിട്ടത്. കല്യാണത്തിനു തലേന്നാണു നാട്ടിലെത്തിയത്. കാര്യങ്ങൾ ഏർപ്പാടാക്കിയ സുഹൃത്തു പറഞ്ഞു, 12-ാം തീയതി കല്യാണം നടക്കില്ല. അന്നു വസ്തു രജിസ്ട്രേഷന്റെ ബഹളമാണെന്ന്. അങ്ങനെ, 13-ാം തീയതി കല്യാണം എന്നു തീരുമാനിച്ചു.
ഇക്കാര്യം വിമലയെ എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കുന്പേഴാണു വീട്ടിലേക്കു വിമല കയറിവരുന്നത്. വിമല എന്നോട് ഒരാഗ്രഹം പറഞ്ഞു. വിമലയുടെ വീട്ടുകാർക്കു കല്യാണത്തിൽ എതിർപ്പുണ്ടാകാൻ സാധ്യതയില്ല. ആരെയെങ്കിലും കല്യാണം കഴിച്ചാൽ മതി എന്ന ചിന്തയായിരുന്നു വീട്ടുകാർക്ക്. അതുകൊണ്ടു നേരിട്ടു വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിക്കണം.
ആർഭാടരഹിതമായ കല്യാണം അതാണെന്റെ ആഗ്രഹമെന്നു ഞാനും അറിയിച്ചു. വിമലയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞാൽ അവർ നല്ല രീതിയിൽ കല്യാണം നടത്താൻ തുനിഞ്ഞിറങ്ങും. അതോടെ ചെലവുകൾ വർധിക്കും. കൈയിൽ നാനൂറു രൂപയോളം മാത്രം. അതുകൊണ്ടു ബുദ്ധിപൂർവം മുന്നോട്ടുനീങ്ങി.
പക്ഷേ, അമ്മയുടെ മുന്നിൽ കുടുങ്ങി. അന്നത്തെ അവസ്ഥയിൽ പൊതുവെ ദുഃഖിതയായ അമ്മ, കല്യാണം എവിടെവച്ചായാലും താലി വേണം എന്ന ഉപാധി മുന്നോട്ടുവച്ചു. താലികെട്ടിയേ മതിയാവൂ. അമ്മയുടെ സങ്കൽപ്പത്തിൽ സ്വർണത്തിന്റെ താലി തന്നെയാണുള്ളത്. ആകെ പുലിവാലായി.
മമ്മൂട്ടിയുടെ നിർബന്ധം
കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മമ്മൂട്ടി അതിൽ അഭിനയിക്കുന്നുണ്ട്. അവസാനം മമ്മൂട്ടിയെ സഹായത്തിനായി കാണാൻ തീരുമാനിച്ചു. കാര്യങ്ങളെല്ലാം മമ്മൂട്ടിയോടു പറഞ്ഞു. രണ്ടായിരം രൂപയും വാങ്ങിച്ചു. തീർച്ചയായും കല്യാണത്തിനു വരുമെന്ന് മമ്മൂട്ടി ശഠിച്ചു. വീണ്ടും പുലിവാലായി.
കാരണം, മമ്മൂട്ടി അന്നു സ്റ്റാറാണ്. അദ്ദേഹം വന്നാൽ ആരെയും ക്ഷണിക്കാതെ നടത്തുന്ന കല്യാണം ബഹളമയമാവും. കാര്യങ്ങൾ മമ്മൂട്ടിയെ ബോധ്യപ്പെടുത്തി. മമ്മൂട്ടി കല്യാണത്തിനു വന്നില്ല. അങ്ങനെ അമ്മയുടെ താലിയെന്ന സങ്കൽപ്പം യാഥാർഥ്യമായി.
വിമലയുടെ ന്യായമായ മറ്റൊരാഗ്രഹവും ആ പണം കൊണ്ടു നിറവേറി. കല്യാണസമയത്തെ സാരിയും ബ്ലൗസുമടക്കമുള്ള വസ്ത്രങ്ങളെല്ലാം ഞാൻ വാങ്ങി നൽകണമെന്നതായിരുന്നു അത്. അങ്ങനെ ജനുവരി 13ന് കതിരൂർ രജിസ്ട്രാഫീസിൽ വച്ച് ഞങ്ങളുടെ കല്യാണം നടന്നു.
Kerala
കോട്ടയം: സിനിമാലോകം അടക്കി വാഴുന്നതിനിടെ ഇടിത്തീ പോലെ വന്നു വീണ കേസിൽ കടപുഴകി വീണ വൻമരമാണ് ദിലീപ് എന്ന ജനപ്രിയ നായകൻ. നടൻ എന്നതിനേക്കാൾ നിർമാണം, തിയറ്റർ, വിതരണം, സിനിമാ സംഘടന തുടങ്ങിയ രംഗങ്ങളെല്ലാംതന്നെ ദിലീപ് എന്ന താരരാജാവിന്റെ ആധിപത്യമുണ്ടായിരുന്നു. സൂപ്പർ താരങ്ങൾ പോലും ദിലീപിന്റെ നിഴലിലായ കാലം.
ഇങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും പിടിമുറുക്കിയിരുന്ന സമയത്താണ് പ്രമുഖ നടിക്കെതിരേ ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നതും ദിലീപ് ആരോപണ വലയത്തിൽ കുരുങ്ങുന്നതും.
അമ്മയുടെ മക്കൾ
നടിക്കെതിരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കാൻ സിനിമാസംഘടനകൾ സംഘടിപ്പിച്ച യോഗത്തിൽ ദിലീപിന്റെ ഭാര്യയായിരുന്ന നടി മഞ്ജുവാര്യരാണ് നടിയെ ആക്രമിച്ചതിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത്. ഇതു കത്തിപ്പിടിച്ചതോടെ വൈകാതെ ആക്രമണം ക്വട്ടേഷൻ ആയിരുന്നെന്നും പിന്നിൽ ദിലീപ് ആണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നു. ഇതിന്റെ ആദ്യ ഘട്ടത്തിൽ രണ്ടു പേരും അമ്മയുടെ മക്കൾ ആണെന്നതായിരുന്നു താരസംഘടനയായ അമ്മയുടെ പ്രതികരണം. സിനിമയിലെ ചില യുവതാരങ്ങളുടെ നേതൃത്വത്തിൽ ദിലീപിനെതിരേ ശക്തമായ നിലപാട് സംഘടനയ്ക്കുള്ളിൽ എടുത്തിരുന്നു. മുതിർന്ന താരങ്ങൾ പോലും അറച്ചുനിന്ന ഘട്ടത്തിൽ കർശന നടപടി വേണമെന്ന് ഇവർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, വൈകാതെ കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സംഘടനയിൽനിന്നു ദിലീപിനെ പുറത്താക്കാൻ സംഘടന നിർബന്ധിതമായി.
മങ്ങിയ പ്രതാപം
സിനിമയിലെ സ്ത്രീകളെ അവകാശങ്ങൾ സംരക്ഷിക്കാനും ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനുമായി അമ്മയ്ക്കു പുറത്ത് വിമൺ ഇനി സിനിമ കളക്ടീവ് എന്ന സംഘടന നിലവിൽ വന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസത്തോളമാണ് ദിലീപ് ജയിലിൽ കഴിയേണ്ടിവന്നത്. ഇതോടെ ദിലീപ് കരാറായിരുന്ന പല പ്രോജക്ടുകളും മുടങ്ങി. സിനിമരംഗത്തുതന്നെ വലിയ പ്രതിസന്ധിയാണ് ദിലീപിന്റെ അറസ്റ്റും ജയിൽവാസവും സൃഷ്ടിച്ചത്. ജാമ്യം കിട്ടി പുറത്തുവന്നതെങ്കിലും കേസിന്റെ വിചാരണയും നിയമപ്രശ്നങ്ങളും മൂലം പഴയ പ്രതാപത്തോടെ സിനിമയിൽ തിരിച്ചെത്താൻ ദിലീപിനു കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ചിത്രങ്ങൾ ചെയ്തത് ഒഴിച്ചാൽ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ പലപ്പോഴും സിനിമാവേദികളിൽനിന്ന് അകറ്റപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ്. ഒറ്റപ്പെട്ട അവസ്ഥയിലും ഒളിഞ്ഞും തെളിഞ്ഞും ദിലീപിനൊപ്പം നിന്ന കുറെ താരങ്ങളും ഉണ്ടായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയതിന്റെ പേരിൽ നാദിർഷയും ധർമജൻ ബോൾഗാട്ടിയുമൊക്കെ വിമർശനം നേരിട്ടു.
തിരിച്ചെടുത്താൽ
വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. ദിലീപിനെ ഉടൻ തിരിച്ചെടുക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. സംഘടനകളെ നിയന്ത്രിക്കുക വരെ ചെയ്തിരുന്ന ദിലീപ് സംഘടനകളിലേക്കും സിനിമയിലേക്കും തിരികെ വരുന്പോൾ ആഹ്ലാദിക്കുന്നവരെപ്പോലെ ആശങ്കപ്പെടുന്നവരുമുണ്ട്. തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ദിലീപും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇറങ്ങിത്തിരിച്ചാൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷ സിനിമവൃത്തങ്ങളിൽ ശക്തമാണ്.
അതേസമയം, കേസ് തീർന്നിട്ടില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമെന്നു പറഞ്ഞ സാഹചര്യത്തിൽ ദിലീപ് വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നത് അമ്മയ്ക്കും തലവേദന നിറഞ്ഞ വിഷയമാണ്.
കുറ്റവിമുക്തനായി പുറത്തുവന്നതിനു ശേഷം ദിലീപ് പറഞ്ഞ വാക്കുകളാണ് മറ്റൊരു ചർച്ചാവിഷയം. മഞ്ജുവാര്യർ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചതിനു പിന്നാലെ തന്നെ പ്രതിയാക്കാനും തകർക്കാനും ഗൂഢാലോചന നടന്നുവെന്നായിരുന്നു ദിലീപ് കുറ്റപ്പെടുത്തിയത്. സിനിമയ്ക്കുള്ളിലുള്ളവരും ചില പോലീസ് ഉദ്യോഗസ്ഥരും ചേർന്നു തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ദിലീപ് എന്ന ഗോപാലകൃഷ്ണൻ വീണ്ടും സിനിമയിലേക്കു തിരിച്ചുവരുന്പോൾ അതു പലർക്കും ആശങ്കയുടെ നിമിഷങ്ങൾകൂടിയാണ്. മലയാള സിനിമയെ ഇളക്കിമറിച്ച ഒരു സിനിമാറ്റിക് സംഭവത്തിന്റെ ശേഷം ഭാഗം ഒരു ത്രില്ലർ മൂവി പോലെ സംഭവബഹുലമാകുമോയെന്നാണ് ഇനി അറിയാനുള്ളത്.
Movies
ഇന്ത്യന്‍ ചലച്ചിത്രസമ്പ്രദായങ്ങളെ വെല്ലുവിളിക്കുകയും പരമ്പരാഗത രീതികളെ മാറ്റിമറിക്കുകയും ചെയ്ത നടനായതുകൊണ്ടാണ് 'ഹീ-മാന്‍ ഓഫ് ബോളിവുഡ്' എന്ന് ധര്‍മേന്ദ്രയെ വിളിക്കുന്നത്. തന്റെ 87-ാം വയസില്‍ ശബാന ആസ്മിയെ ചുംബിച്ചുകൊണ്ട് ധര്‍മേന്ദ്ര വെള്ളിത്തിരയില്‍ മറ്റൊരു ഞെട്ടിക്കലും നടത്തി. ആ ചുംബനരംഗം അപ്രതീക്ഷിതമായിരുന്നു. കരണ്‍ ജോഹര്‍ ചിത്രത്തിലെ മാസ്മരിക അനുഭവം കൂടിയായിരുന്നു ആ രംഗം.
1960-ല്‍ പുറത്തിറങ്ങിയ 'ദില്‍ ഭി തേര ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇതിഹാസനടന്‍ വെള്ളിത്തിരയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ എന്നും മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യത്യസ്തവും പരമ്പരാഗതശൈലികളെ വെല്ലുവിളിക്കുന്നതുമായിരുന്നു എന്നു കാണാന്‍ കഴിയും. സംവിധായകരും നിര്‍മാതാക്കളും എതിരഭിപ്രായം ഉന്നയിക്കുമ്പോഴും ആ താരമൂല്യത്തിനു മുന്നില്‍ നിഷ്പ്രഭമാകുകയായിരുന്നു.
2003ല്‍ ആയിരുന്നു എല്ലാവരും ഞെട്ടിയ വെള്ളിത്തിരയിലെ ആ രംഗം. 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യില്‍ 87 വയസുകാരനായ ധര്‍മേന്ദ്ര 73 വയസുകാരിയായ നടി ഷബാന ആസ്മിയെ ചുംബിച്ചുകൊണ്ട് പ്രായം എന്ന സങ്കല്പങ്ങളെ തകര്‍ത്തെറിഞ്ഞു. കരണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, ആഞ്ജലി ആനന്ദ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.
ചിത്രത്തിലെ ചുംബനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ധര്‍മേന്ദ്രയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഇത്, എനിക്ക് വളരെ എളുപ്പമാണ്. ഷബാനയും ഞാനും പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയതായി കേട്ടു. അതേസമയം, ഷബാന പൂര്‍ണ പിന്തുണ നല്കി. എന്നാല്‍, ആളുകള്‍ ഇതു പ്രതീക്ഷിച്ചിരുന്നില്ലെന്നു ഞാന്‍ കരുതുന്നു. ഞാന്‍ അവസാനമായി ഒരു ചുംബനരംഗം ചെയ്തത് നഫീസ അലിക്കൊപ്പം ആയിരുന്നു, അക്കാലത്ത് ആളുകള്‍ അതിനെ സ്വീകരിച്ചിരുന്നു.'
"പ്രണയത്തിനു പ്രായപരിധിയില്ല. കരണ്‍ ജോഹര്‍ ഞങ്ങളോടു രംഗം വിവരിച്ചപ്പോള്‍, ഞാന്‍ ആവേശഭരിതനായില്ല. ഞങ്ങള്‍ അത് സിനിമയ്ക്ക് ആവശ്യമാണെന്നു കരുതി. ഞാന്‍ അതു ചെയ്യുമെന്നു പറഞ്ഞു. പ്രായം ഒരു സംഖ്യ മാത്രമാണ്, പ്രായം കണക്കിലെടുക്കാതെ രണ്ട് ആളുകള്‍ പരസ്പരം ചുംബിക്കുന്നതിലൂടെ അവരുടെ സ്നേഹമാണു വെളിപ്പെടുന്നത്. ഷബാനയും ഞാനും അതു ചെയ്യുമ്പോള്‍ ഒരുതരത്തിലുമുള്ള അസ്വസ്ഥതയും അനുഭവപ്പെട്ടില്ല...' ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, പവന് ഹാന്‍സ് ശ്മശാനത്തില്‍ ഐതിഹാസിക നടനു ഷബാന ആസ്മി തന്റെ പ്രിയ നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് ഷബാന തന്റെ പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന് അഗസ്ത്യ നന്ദയോടൊപ്പമുള്ള ഇക്കിസ് ആണ് ധര്‍മേന്ദ്രയുടെ അവസാന ചിത്രം.
Movies
ബോളിവുഡ് താരം കരിഷ്മ കപുറും മക്കളും പുതിയ അപ്പാര്‍ട്ട്മെന്റിലേക്കു താമസം മാറി. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുറിന്റെ 30,000 കോടി രൂപയുടെ എസ്റ്റേറ്റില്‍ തനിക്കും മക്കള്‍ക്കും അവകാശമുന്നയിച്ചുള്ള നിയമപോരാട്ടത്തിനിടെയാണ് കരിഷ്മ കപുര്‍ ആഡംബര അപ്പാര്‍ട്ട്മെന്റിലേക്കു താമസം മാറുന്നത്. മാസം 5.51 ലക്ഷം രൂപയാണ് വാടക! മുംബൈ ബാന്ദ്ര വെസ്റ്റില്‍ ആണ് അപ്പാര്‍ട്ട്മെന്റ്.
ഹില്‍ റോഡിലെ ഗ്രാന്‍ഡ് ബേ കോണ്ടോമിനിയത്തിലാണ് അപ്പാര്‍ട്ട്മെന്റ് സ്ഥിതിചെയ്യുന്നത്. ഏകദേശം 2,200 ചതുരശ്രയടി വിസ്തീര്‍ണമുണ്ട് വസതിക്ക്. മൂന്ന് പാര്‍ക്കിംഗ് സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്ട്രേഷന് ഫീസ് 1,000 രൂപയും സ്റ്റാമ്പ് ഡ്യൂട്ടി 17,100 രൂപയുമാണ്. 20 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി അപ്പാര്‍ട്ട്മെന്റ് ഉടമയ്ക്കും നല്കി. നവംബര്‍ മുതല്‍ 12 മാസത്തേക്കാണ് വാടകക്കരാര്‍.
മുംബൈയിലെ മനോഹരമായ പാര്‍പ്പിട മേഖലകളിലൊന്നാണ് ബാന്ദ്ര വെസ്റ്റ്. വമ്പന്‍ ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇവിടെ പാര്‍പ്പിട സമുച്ചയങ്ങളുണ്ട്. ജനപ്രിയ കഫേകള്‍, കാര്‍ട്ടര്‍ റോഡ് തുടങ്ങിയ മനോഹരമായ സ്ഥലങ്ങള്‍ക്കു പേരുകേട്ടതാണ് ബാന്ദ്ര.
നിയമപോരാട്ടം
കരിഷ്മയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുര്‍ ജൂണിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, സ്വത്തുമായി ബന്ധപ്പെട്ട് നിയമപരമായ തര്‍ക്കം ആരംഭിച്ചു. കരിഷ്മയുടെ മക്കള്‍ അച്ഛന്റെ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കുമ്പോള്‍, സഞ്ജയ്യുടെ സഹോദരി മന്ദിര കപുര്‍ അമ്മയുടെ ഭാഗം അവകാശപ്പെട്ട് കോടതിയെ സമീപിച്ചു. സഞ്ജയ്-കരിഷ്മ ദമ്പതിമാരുടെ മക്കളായ സമൈറ, കിയാന് എന്നിവരും നിയമപോരാട്ടത്തിലാണ്. തങ്ങളുടെ അച്ഛന്റെ രണ്ടാം ഭാര്യ പ്രിയ സച്ദേവ് തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്ത് വിട്ടുനല്‍കുന്നില്ലെന്നു കാണിച്ചാണ് മക്കള്‍ കോടതിയെയെ സമീപിച്ചത്. കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്.
Movies
അമേരിക്കയിലും കാനഡയിലും റിക്കാര്‍ഡ് കളക്ഷന്‍ നേടി ബാഹുബലി ദി എപ്പിക്. സൂപ്പര്‍താരം പ്രഭാസ്, റാണ ദഗുബതി, അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഈ മാഗ്നം ഓപസ് വലിയ ആവേശമാണു പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. ബോക്സ് ഓഫീസിലെ റിക്കാര്‍ഡ് നേട്ടം, 'ബാഹുബലി' നിത്യഹരിതമാണെന്നും പ്രേക്ഷകര്‍ ഇപ്പോഴും ബിഗ് സ്ക്രീനില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നതിന്റെ തെളിവായിരുന്നു ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ചേര്‍ന്നുള്ള പുതിയ റിലീസ്.
ബാഹുബലി, ബാഹുബലി 2 എന്നീ രണ്ട് സിനിമകള്‍ സംയോജിപ്പിച്ച് ഒറ്റ സിനിമയാക്കി മാറ്റിയ മാഗ്നം ഓപസ് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ, സവിശേഷമായ പുനര്‍-റിലീസ് രീതിയായിരുന്നു. കൂടാതെ, ഇതുവരെ കാണാത്ത സീനുകളും ഉള്‍പ്പെടുത്തി. മികച്ച ദൃശ്യവിരുന്നു നല്കുന്നതില് ബാഹുബലി ചിത്രങ്ങള്‍ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകൂടിയായിരുന്നു രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുള്ള പുതിയ റിലീസിനു ലഭിച്ച സ്വീകരണം.
വെങ്കി ബോക്സ് ഓഫീസിന്റെ കണക്കനുസരിച്ച്, ബാഹുബലി-ദി എപ്പിക് വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 8.26 കോടി രൂപ നേടി. മേഖലയില്‍ ഇന്ത്യന്‍ റീ-റിലീസ് ചിത്രത്തിനു ലഭിക്കുന്ന എക്കാലത്തെയും റിക്കാര്‍ഡ് കളക്ഷനാണിത്. അമേരിക്കയില്‍നിന്നാണ് കൂടുതല്‍ കളക്ഷന്‍ നേടിയത്.
ഇന്ത്യയിൽ
ഇന്ത്യയില്‍ ബാഹുബലി ദി എപ്പിക് ബോക്സ് ഓഫീസ് കുതിപ്പ് ഏതാണ്ട് അവസാനിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, 20 ദിവസത്തിനുള്ളില്‍ 33.48 കോടിയിലേറെ രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ജിഎസ്ടി കണക്കുകള്‍ പ്രകാരം, മൊത്തം കളക്ഷന്‍ 39.5 കോടി രൂപ. (നേരിയ വ്യത്യാസങ്ങള്‍ വരാം).
Movies
ലോകസിനിമയിലെ ഇതിഹാസതാരങ്ങളായ രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു! ലോകമെമ്പാടുമുള്ള ആരാധകരും ചലച്ചിത്രലോകവും ആകാംഷയോടെയാണ് ആ പ്രഖ്യാപനം ഏറ്റെടുത്തത്. ചിത്രത്തിന്റെ സംവിധായകന് ആരാകുമെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്.
രജനികാന്തിന്റെ അവസാനം പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. പിന്നീട്, പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഹിറ്റ് സംവിധായകന് സുന്ദര്‍ സി-യിലേക്കു പ്രോജക്ട് എത്തുകയായിരുന്നു. വാര്‍ത്ത പ്രചരിച്ചതോടെ, ആരാധകരും ആഘോഷത്തിലായി.
എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായി. സുന്ദര്‍ പ്രോജക്ടില്‍നിന്നു പിന്മാറി! സംവിധായകന്റെ ഭാര്യയും സൂപ്പര്‍താരവുമായ ഖുഷ്ബു ആണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഔദ്യോഗികമായി പങ്കുവച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഖുഷ്ബു പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നീട്, സുന്ദര്‍ സി തന്നെ നേരിട്ട് എത്തുകയും പിന്മാറുന്ന തീരുമാനം തന്നെ നേരിട്ട് അറിയിക്കുകയുമായിരുന്നു.
ഹൃദയവേദനയോടെ
'ഹൃദയവേദനയോടെയാണ് ഞാന്‍ ചില പ്രധാന കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങള്‍ കാരണം, അഭിമാനകരമായ പ്രോജക്റ്റ് തലൈവര്‍ 173ല്‍നിന്ന് പിന്മാറാന് ഞാന്‍ തീരുമാനിച്ചു. അത് എന്ന സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു' സുന്ദര്‍ സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ജീവിതത്തില്‍, സ്വപ്നങ്ങളില്‍നിന്നു വ്യതിചലിച്ചാലും, നമുക്കു വേണ്ടി ഒരുക്കിയ പാത പിന്തുടരേണ്ടതുണ്ട്. ഈ രണ്ട് ഐക്കണുകളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. അവര്‍ എക്കാലവും എന്റെ പ്രിയപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ പങ്കിട്ട നിമിഷങ്ങള്‍ ഞാന്‍ എന്നെന്നേക്കുമായി വിലമതിക്കും. അവര്‍ എന്നെ വിലമതിക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ മുന്നോട്ട് പോകുമ്പോള്‍ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും... എന്റെ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിക്കുക...' സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു.
'നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസിലാക്കലിനും നന്ദി. അത് എനിക്ക് ഒരു ലോകം പോലെയാണ്. നിങ്ങളോടൊപ്പമുള്ള കൂടുതല്‍ ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...' എന്നു പറഞ്ഞാണ് സുന്ദര്‍ സി കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം, പ്രോജക്ടിനെക്കുറിച്ചു സൂപ്പർ താരങ്ങളുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് പിൻമാറ്റത്തിനു കാരണമെന്നാണ് അഭ്യൂഹം പരക്കുന്നത്.
കൂലി എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പു തന്നെ രജനികാന്തും കമലും തങ്ങള്‍ ഒന്നിച്ചുള്ള പ്രോജക്ടിനെക്കുറിച്ചു തുറന്നുപറഞ്ഞിരുന്നു. മണിരത്നത്തിന്റെ തഗ് ലൈഫിലാണ് കമല്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ പുതിയ സിനിമയുടെ തിരക്കുകളിലുമാണ്.
ചിത്രം ആരു സംവിധാനം ചെയ്യുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.